Tuesday, 24 September 2024

ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു.

നിങ്ങൾ ഹരിദ്വാറിൽ പോയിട്ടുണ്ടോ?
അഗസ്ത്യ മുനി തപസ്സുചെയ്ത ഹരിദ്വാർ. മഹാഭാരത വനപർവ്വം പ്രകാരം യക്ഷ കിന്നരന്മാരുടെയും അപ്സരസുകളുടെയും വിഹാരഭൂമിയായ ഹരിദ്വാർ.
ദക്ഷപ്രജാപതി യാഗം നടത്തിയ ഹരിദ്വാർ.
ഗംഗാ പുത്രൻ ഭീഷ്മ പിതാമഹനെ ഭയപ്പെടുത്തിയ ഹരിദ്വാർ.
 മോക്ഷവാഹിനിയായ ഗംഗാതീരത്ത് യുഗവത്സരങ്ങളായി ഉപാസകനെയും ആസ്തികനെയും ഒരേപോലെ ഭ്രമിപ്പിച്ചു നിലകൊള്ളുന്ന ഹരിദ്വാർ.
കശ്യപപുത്രി മാനസാദേവിയുടെ
അതിപുരാതന ക്ഷേത്രം നിലകൊള്ളുന്ന ഹരിദ്വാർ. 
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്
മൂന്ന് ഒഴിവ് ദിനങ്ങൾ ഒരുമിച്ച് വീണു കിട്ടിയപ്പോൾ ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്ക് യാത്ര തിരിക്കുന്ന രമേശ് പണിക്കർ.അവിടെവെച്ച് അയാൾക്കുണ്ടാകുന്ന അതിനിഗൂഢ അനുഭവങ്ങളുടെ കഥയാണ് എം. മുകുന്ദന്റെ 'ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’.
 രമേശനെ സംബന്ധിച്ചിടത്തോളം ഹരിദ്വാർ യാത്ര ഒരു എസ്കേപ്പിസമാണ്.
എന്തിൽ നിന്നാണ് അയാൾ ഓടി ഒളിക്കാൻ ശ്രമിക്കുന്നത്?
ഒരു മനുഷ്യനെ, ജീവിച്ചിരിക്കെ തന്നെ മൃതതുല്യനാക്കാൻ ശേഷിയുള്ള ഒരേയൊരു കാര്യമേ ഈ പ്രപഞ്ചത്തിലുള്ളൂ.
അത് അയാളുടെ തന്നെ മനസ്സാണ്..!
അതിവിഷാദത്തിലൂടെ കടന്നുപോകുന്ന രമേശനെ അയാളുടെ ചിന്തകൾ നീരാളിയെ പോലെ വിരിഞ്ഞു മുറുക്കി ശ്വാസംമുട്ടിക്കുന്നു.
എന്താണ് അയാളുടെ വിഷാദത്തിന് കാരണം?
 ചോദ്യത്തിന് വലിയ പ്രസക്തി ഒന്നുമില്ല എന്ന് എനിക്ക് നന്നായി അറിയാം. വിഷാദത്തിന് കാരണങ്ങൾ ഒന്നും തന്നെ വേണ്ട എന്നതാണ് സത്യം.
ലോകത്തെ സർവ്വസൗഭാഗ്യങ്ങളാലും അനുഗ്രഹിക്കപ്പെട്ട ഒരുവനെ തേടിയും അത് വരാം.
"എനിക്കൊരു ദുഃഖവുമില്ല അമ്മേ.ഒരുപക്ഷേ അതായിരിക്കാം എന്റെ ദുഃഖത്തിന് കാരണം".
എന്ന് രമേശൻ തന്റെ അമ്മയോട് പറയുന്നുണ്ട്.
"അപ്പോൾ നിന്റെ പ്രശ്നം മെറ്റാഫിസിക്കൽ ആണ്. ദുഃഖം കൊണ്ട് മാത്രമേ നിന്റെ ദുഃഖം ക്യുയർ ചെയ്യാൻ കഴിയൂ."
എന്ന് അമ്മ മറുപടി നൽകുമ്പോൾ തനിക്ക് ക്ഷയമോ തൊണ്ടയിൽ അർബുധമോ വന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു പോകുന്നു.
ഈയിടെ മുൻപ് ഒരിക്കലും ഇല്ലാത്ത വിധം രമേശൻ മരണത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
ദു:സ്വപ്നങ്ങൾ നിറഞ്ഞതാണ് അയാളുടെ രാവുകൾ.
"ഞാൻ മരണത്തിന്റെ കാലൊച്ചകൾ കേൾക്കുന്നു സെഞ്ഞ്യാർ”.
എന്ന് രമേശൻ തന്റെ മേലധികാരിയോട് പറയുന്നുണ്ട്.
 ഗർഭപാത്രത്തിൽ നിന്ന് തുടങ്ങി ചിതയിലേക്കുള്ള നടത്തം മാത്രമാണ് മനുഷ്യജന്മം എന്ന് അയാൾ തിരിച്ചറിയുന്നു.
അതായിരിക്കും ഹരിദ്വാർ അയാളെ വല്ലാതെ ഭ്രമിപ്പിക്കുന്നതും.
 ജയ്സാൽമീറിലെ മരുഭൂമിയും ഖജുരാഹോവിലെ ചുമർശില്പങ്ങളും അജന്ത എല്ലോറ ഗുഹകളും താണ്ടിയ രമേശന്റെ ഹൃദയത്തെ മിടിപ്പിക്കുന്നത് പക്ഷേ ഹരിദ്വാറിന്റെ ചിന്തകൾ മാത്രമാണ്. ഹരിദ്വാറിലെ മണിയൊച്ചകൾ അയാളുടെ കാതുകളിൽ നിരന്തരം മുഴങ്ങുന്നു. 
 മോക്ഷ കവാടമായ ഹരിദ്വാർ രമേശ്‌ പണിക്കർക്ക് ഇഹലോകത്തെയും പരലോകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അദൃശ്യമായ ഒരു തൂക്കുപാലമാണ്.
ചെങ്കോട്ടയ്ക്കും ജുമാമസ്ജിദിനും വിട നൽകിക്കൊണ്ട് രമേശനും പ്രണയിനി സുജാമെഹറയും മസൂരി എക്സ്പ്രസിൽ ഹരിദ്വാറിലേക്ക് യാത്ര തിരിക്കുന്നു.അവിടെ അവരെ വരവേൽക്കുന്നത് വൃത്തികെട്ട ഒരു ചെറിയ തീവണ്ടിയാപ്പീസും പ്ലാറ്റ്ഫോമിലെ ചുവരുകളെ അലങ്കരിക്കുന്ന സിനിമാതാരങ്ങളുടെ ചിത്രങ്ങളും ആണ്. ദൈവത്തിന്റെ ഒരു ചിത്രം പോലും അവിടെയില്ലല്ലോ എന്ന് വ്യാകുലപ്പെടുന്ന രമേശനോട് 
“ദൈവങ്ങളെക്കാൾ നമുക്ക് ആവശ്യം സിനിമ താരങ്ങളെയാണ്. അവർ നമ്മെ രസിപ്പിക്കുന്നു. ദൈവങ്ങൾ നമ്മെ പേടിപ്പിക്കുകയല്ലേ ചെയ്യുന്നത്.”
എന്ന് സുജ പറയുന്നുണ്ട്.
കുഷ്ഠം പിടിച്ചത് പോലുള്ള നിരത്ത്. പ്രേതങ്ങളെ പോലെ പിന്തുടരുന്ന ദല്ലാളന്മാർ.നാലു വശത്തുനിന്നും മോങ്ങുന്ന റിക്ഷാവാലകൾ. വ്രണങ്ങൾ നിറഞ്ഞ ഗലി.താൻ മനസ്സിൽ കണ്ട ഹരിദ്വാറിന്റെ ബാഹ്യരൂപം യാഥാർത്ഥ്യത്തിൽ നിന്ന് ഒരുപാട് അകലെയാണെന്ന് അയാൾക്ക് തോന്നിപ്പോകുന്നു.
 ഹരിദ്വാറിന്റെ മണ്ണിൽ രമേശനെ കാത്തിരിക്കുന്ന നിയോഗം എന്തായിരിക്കും?
സുജ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ പാതിരാത്രി ഹരിദ്വാറിലെ ഗലികളിലൂടെ ദക്ഷപ്രജാപതിയെയും ദത്താത്രേയനെയും തേടി അലയുന്ന രമേശന്റെ മുമ്പിൽ പക്ഷേ വന്നെത്തുന്നത് ചോരച്ച നാക്കും കയ്യിൽ ഉയർത്തിപ്പിടിച്ച ത്രിശൂലവും കഴുത്തിൽ തലയോട്ടി മാലയും അണിഞ്ഞ സത്വമാണ്!!! ഇന്ദ്രിയങ്ങളിൽ ആളിക്കത്തുന്ന ചരസ്സിന്റെയും ഭംഗിന്റെയും ഉന്മാദവും പേറി ഭൂതത്തിൽ നിന്ന് ഭാവിയിലേക്കും ജന്മത്തിൽ നിന്ന് ചരമത്തിലേക്കുമുള്ള ദൂരം അയാൾ താണ്ടുന്നു.സുജയുടെ നിർബന്ധത്തിൽ മൂന്ന് ദിവസത്തെ യാത്ര അവസാനിപ്പിച്ച് തിരിച്ചു ഡൽഹിയിൽ എത്തിയിട്ടും, അന്ന് സന്ധ്യക്കുള്ള പാസഞ്ചർ ട്രെയിനിൽ തന്നെ തിരിച്ച് ഹരിദ്വാറിലേക്ക് യാത്ര തിരിക്കുന്ന രമേശനെയാണ് നാം പിന്നീട് കാണുന്നത്. ബ്രഹ്മകുണ്ഡത്തിലെ ദീപശിഖകളിൽ നിന്നും മണിനാദത്തിൽ നിന്നും തനിക്ക് ഒരിക്കലും മോചനം ഇല്ലെന്ന് അയാൾ മനസ്സിലാക്കുന്നിടത്താണ് നോവൽ അവസാനിക്കുന്നത്. 




No comments:

Post a Comment