Tuesday, 24 September 2024

കർണൻ

വർഷങ്ങൾക്കപ്പുറം... ഞാൻ അന്ന് അഞ്ചാം ക്ലാസിൽ പഠിക്കുവാണ്.സ്കൂളിനടുത്ത് ഒരു പബ്ലിക്ക് ലൈബ്രറിയുണ്ട് . വൈകുന്നേരം സ്കൂൾ വിട്ടാൽ ഞാനും എന്റെ പുസ്തകപ്പുഴുക്കളായ കുറച്ച് കൂട്ടുകാരും ഒറ്റ ഓട്ടമാണ് ലൈബ്രറിയിലേക്ക്. അവിടെ പൊടി പിടിച്ചു കിടക്കുന്ന ഷെൽഫുകളിൽ നിന്ന് പുസ്തകങ്ങൾ തിരഞ്ഞു പിടിച്ചു വായിക്കാൻ ആർത്തിയായിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരിക്കൽ ശിവാജി  സാവന്തിന്റെ 'കർണൻ ' എന്ന പുസ്തകത്തിൽ എന്റെ കണ്ണുകളുടക്കുന്നത്. കുട്ടിക്കാലത്ത് അമ്മ മഹാഭാരത കഥ പറഞ്ഞു തന്നപ്പോഴും പിന്നെ ദൂരദർശനിൽ ബി. ആർ. ചോപ്രയുടെ മഹാഭാരതം സീരിയൽ കണ്ടപ്പോഴുമൊക്കെ തോന്നിയതാണ് കർണനോട് ഒരു പ്രത്യേക ഇഷ്ടം. പിന്നൊന്നും നോക്കിയില്ല, ആ പുസ്തകവും  കയ്യിലെടുത്ത് രജിസ്റ്ററിൽ ഒപ്പുവെച്ചു . വീട്ടിലെത്തിയപാടേ  ആകാംഷയോടെ ഞാൻ വായനയാരംഭിച്ചു.
അക്ഷരങ്ങൾ ആത്മാവിലേക്ക് ആദ്യമായി ആഴ്ന്നിറങ്ങിയത് അന്നാണ്.

കർണൻ തന്റെ ജീവിതകഥ പറഞ്ഞു തുടങ്ങി. വരികളിലൂടെ ഞാനും അവനൊപ്പം സഞ്ചരിക്കാൻ തുടങ്ങി.ചോരക്കുഞ്ഞായ അവനെ കുന്തി ഗംഗയിൽ ഒഴുക്കിവിട്ടപ്പോൾ ഒന്നുമറിയാതെ അവന്റെ നിഷ്കളങ്കമായ ആ ചിരി.വിശന്നാൽ കരയാനല്ലാതെ മറ്റൊന്നും അറിയാത്ത ഒരു പിഞ്ചുകുഞ്ഞ് ഗർജിക്കുന്ന നദിയിൽ...!
ഹൃദയം വല്ലാതെ മിടിക്കുന്നത് ഞാനറിഞ്ഞു. ഗംഗ  അവനെ  മാറോടടുക്കിപിടിച്ച് ഹസ്തിനപുരിയുടെ മണ്ണിലെത്തിച്ചു.അവിടെ അവൻ  തേരാളിയായ അഥിരന്റെയും രാധയുടെയും വളർത്തു പുത്രനായി.
കൗമാരത്തിലെത്തിയ കർണനെ അഥിരൻ ആയുധപരിശീലനത്തിനായി ദ്രോണരുടെ അടുക്കൽ കൊണ്ടുപോവുന്നു.

"യുവരാജാക്കന്മാരുടെ കൂടെ അസ്ത്രവിദ്യ അഭ്യസിക്കാൻ ഇവന് എന്തു
യോഗ്യതയാണുള്ളത് ?"

ദ്രോണരുടെ ചോദ്യത്തിനർഥം മനസ്സിലാവാതെ കർണൻ പിതാവിനെ നോക്കി.

"അച്ഛാ... എനിക്കെന്താ രാജകുമാരന്മാരുടെ കൂടെ വിദ്യ അഭ്യസിക്കാൻ പറ്റാത്തത് ?"

"നീ ഒരു സൂതപുത്രനായതുകൊണ്ടാണ്  മകനേ...."

ആ അച്ഛൻ വിങ്ങിപ്പൊട്ടി .കർണ്ണന്റെ ശിരസ്സ് പതിയെ താണു. എന്റെ കണ്ണുകളിൽ നനവ് പടർന്നു... ചുണ്ടിൽ ഉപ്പുരസം.....

" അല്ല കർണാ.... നീ സൂതപുത്രനല്ല, സൂര്യപുത്രനാണ്. ദൂരെ ചക്രവാളത്തിൽ ജ്വലിച്ച് നിൽക്കുന്ന സൂര്വദേവന്റെ അംശമാണ് നീ..."

തലകുനിച്ചു നിൽക്കുന്ന ആ കൗമാരക്കാരനോട് ആ സത്വം വിളിച്ചു പറയാൻ എന്റെ ഹൃദയം വെമ്പി.

ഗുരുകുല വിദ്യാഭ്യാസത്തിനു ശേഷം വസന്ത പൗർണ്ണമിയിൽ ഹസ്തിനപുരിയിലെ ആയിരക്കണക്കിന് ജനങ്ങൾക്കും രാജസഭയ്ക്കും മുൻപിൽ പിന്നെയും അവന്റെ ശിരസ്സ് താഴ്ന്നു.അർജുനനേക്കാൾ ആയിരം മടങ്ങ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ആൾക്കൂട്ടം കുലമഹിമയെ ചൊല്ലിയുള്ള ചോദ്യശരങ്ങളാൽ അവനെ
മുറിവേൽപ്പിച്ചു .

 "തേരാളിയുടെ മകനായ ഇവൻ വീരന്മാരുടെ കളരിയിലെന്തിനു വന്നു ? കുലത്തിന് യോജിച്ച ചാട്ടയെടുക്കാൻ പറയൂ...
പോ കർണാ... പോയി കുതിരാലയത്തിലെ ചാണകം കോര്...."അവർ ആക്രോശിച്ചു.

ഹൃദയത്തിലേക്ക് ആയിരം കുപ്പിച്ചില്ലുകൾ ഒരുമിച്ചു കുത്തിയിറക്കിയതുപോലെ എനിക്ക് വേദനിച്ചു. ഹസ്തിനപ്പുരിയിലെ കളരിയിൽ ഹൃദയം മുറിഞ്ഞ് നിൽക്കുന്ന അവനെ വാരിപ്പുണരാൻ എന്റെ കൈകൾ വെമ്പൽ കൊണ്ടു.

“നീ തേരാളിയുടെ മകനല്ല പ്രിയനേ...കുന്തീ ദേവിയുടെ മൂത്ത പുത്രനാണ് നീ. ഈ നിൽക്കുന്ന പാണ്ഡവരുടെ ജ്യേഷ്ഠൻ."

യുഗങ്ങൾക്കപ്പുറം സഞ്ചരിച്ച് അവന്റെ ജന്മരഹസ്യം ആ കാതിൽ മന്ത്രിക്കാൻ എനിക്ക് ഒരു അവസരം നൽകുമോ പ്രപഞ്ചമേ...!

കാലം പിന്നീട് അവനെ പ്രഹരിക്കുന്നത് ദ്രൗപതിയുടെ സ്വയംവര വേദിയിലാണ്. ഭാരിച്ച ശൈവചാപം ഒറ്റക്കൈ കൊണ്ട് നിഷ്പ്രയാസം പൊക്കി മത്സ്വഭേദനം ചെയ്യാനൊരുങ്ങിയ കർണ്ണനെ ദ്രുപദപുത്രി തടഞ്ഞു.

"നിൽക്കൂ ...നിങ്ങൾക്ക് ഈ സ്വയംവരത്തിൽ പങ്കെടുക്കാൻ അർഹതയില്ല."
അവളുടെ ശബ്ദം വേദിയിൽ മുഴങ്ങി.

"എന്തുകൊണ്ട് കഴിയില്ല" കർണൻ ആശ്ചര്യത്തോടെ ചോദിച്ചു.

"താങ്കൾ ഒരു സൂതപുത്രനാണ്. ഒരു തേരാളിയുടെ ഭാര്യയോ, മരുമകളോ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. "

അവന്റെ കുണ്ഡലങ്ങളുടെ തേജസ്സ് ഒരു നിമിഷം അറ്റുപോയി. അവളുടെ വാക്കുകൾ കൊടുങ്കാറ്റ് കണക്കെ കർണ്ണന്റെ ഹൃദയത്തെ പ്രക്ഷുബ്ധമാക്കി. ദ്രൗപതിയോട് എനിക്ക് അടങ്ങാത്ത ദേഷ്യം തോന്നി. സത്വത്തിൽ നീയാണ് ദ്രുപദപുത്രി, എന്റെ കർണനെ അർഹിക്കാത്തത്. ഏഴ് ജന്മം എടുത്താലും ആ സൂര്യതേജസ്സിലലിയുവാനുള്ള ഭാഗ്യം നിനക്കുണ്ടാവില്ല ...!

കാലം ചിറകു വിടർത്തി പറന്നു. ഒടുവിൽ കുരുക്ഷേത്രഭൂമിയിൽ അവന്റെ മരണ സമയം. അർജുനന്റെ വില്ലിൽ നിന്നും വന്ന ആഞ്ചലികബാണം കർണ്ണന്റെ കണ്ഠ നാളത്തിൽ തുളച്ചുകയറി.
എന്റെ പ്രാണൻ പിടഞ്ഞു...പുസ്തകം പിടിച്ച കൈകൾ വിറയ്ക്കാൻ തുടങ്ങി.. നിരായുധനായ, രഥത്തിന് താഴെ നിൽക്കുന്ന കർണ്ണന് നേരെ അസ്ത്രം പ്രയോഗിച്ച അർജുനനോട് എനിക്ക് പുച്ഛമാണ്.

"ധർമ്മത്തിന്റെ കാവൽക്കാരനായ അർജുനാ..... കർണനെ വധിക്കുമ്പോൾ നിന്റെ യുദ്ധധർമ്മം ഏത്  മാളത്തിലാണ് പോയോളിച്ചത് ???"

വായന അവസാനിപ്പിച്ച് പുസ്തകം മടക്കി വയ്ക്കുമ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു.

വരികൾക്കിടയിലെവിടെയോ വെച്ച് ഞാൻ കർണ്ണനെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു..!

 

No comments:

Post a Comment