Tuesday, 24 September 2024

ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു.

നിങ്ങൾ ഹരിദ്വാറിൽ പോയിട്ടുണ്ടോ?
അഗസ്ത്യ മുനി തപസ്സുചെയ്ത ഹരിദ്വാർ. മഹാഭാരത വനപർവ്വം പ്രകാരം യക്ഷ കിന്നരന്മാരുടെയും അപ്സരസുകളുടെയും വിഹാരഭൂമിയായ ഹരിദ്വാർ.
ദക്ഷപ്രജാപതി യാഗം നടത്തിയ ഹരിദ്വാർ.
ഗംഗാ പുത്രൻ ഭീഷ്മ പിതാമഹനെ ഭയപ്പെടുത്തിയ ഹരിദ്വാർ.
 മോക്ഷവാഹിനിയായ ഗംഗാതീരത്ത് യുഗവത്സരങ്ങളായി ഉപാസകനെയും ആസ്തികനെയും ഒരേപോലെ ഭ്രമിപ്പിച്ചു നിലകൊള്ളുന്ന ഹരിദ്വാർ.
കശ്യപപുത്രി മാനസാദേവിയുടെ
അതിപുരാതന ക്ഷേത്രം നിലകൊള്ളുന്ന ഹരിദ്വാർ. 
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്
മൂന്ന് ഒഴിവ് ദിനങ്ങൾ ഒരുമിച്ച് വീണു കിട്ടിയപ്പോൾ ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്ക് യാത്ര തിരിക്കുന്ന രമേശ് പണിക്കർ.അവിടെവെച്ച് അയാൾക്കുണ്ടാകുന്ന അതിനിഗൂഢ അനുഭവങ്ങളുടെ കഥയാണ് എം. മുകുന്ദന്റെ 'ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’.
 രമേശനെ സംബന്ധിച്ചിടത്തോളം ഹരിദ്വാർ യാത്ര ഒരു എസ്കേപ്പിസമാണ്.
എന്തിൽ നിന്നാണ് അയാൾ ഓടി ഒളിക്കാൻ ശ്രമിക്കുന്നത്?
ഒരു മനുഷ്യനെ, ജീവിച്ചിരിക്കെ തന്നെ മൃതതുല്യനാക്കാൻ ശേഷിയുള്ള ഒരേയൊരു കാര്യമേ ഈ പ്രപഞ്ചത്തിലുള്ളൂ.
അത് അയാളുടെ തന്നെ മനസ്സാണ്..!
അതിവിഷാദത്തിലൂടെ കടന്നുപോകുന്ന രമേശനെ അയാളുടെ ചിന്തകൾ നീരാളിയെ പോലെ വിരിഞ്ഞു മുറുക്കി ശ്വാസംമുട്ടിക്കുന്നു.
എന്താണ് അയാളുടെ വിഷാദത്തിന് കാരണം?
 ചോദ്യത്തിന് വലിയ പ്രസക്തി ഒന്നുമില്ല എന്ന് എനിക്ക് നന്നായി അറിയാം. വിഷാദത്തിന് കാരണങ്ങൾ ഒന്നും തന്നെ വേണ്ട എന്നതാണ് സത്യം.
ലോകത്തെ സർവ്വസൗഭാഗ്യങ്ങളാലും അനുഗ്രഹിക്കപ്പെട്ട ഒരുവനെ തേടിയും അത് വരാം.
"എനിക്കൊരു ദുഃഖവുമില്ല അമ്മേ.ഒരുപക്ഷേ അതായിരിക്കാം എന്റെ ദുഃഖത്തിന് കാരണം".
എന്ന് രമേശൻ തന്റെ അമ്മയോട് പറയുന്നുണ്ട്.
"അപ്പോൾ നിന്റെ പ്രശ്നം മെറ്റാഫിസിക്കൽ ആണ്. ദുഃഖം കൊണ്ട് മാത്രമേ നിന്റെ ദുഃഖം ക്യുയർ ചെയ്യാൻ കഴിയൂ."
എന്ന് അമ്മ മറുപടി നൽകുമ്പോൾ തനിക്ക് ക്ഷയമോ തൊണ്ടയിൽ അർബുധമോ വന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു പോകുന്നു.
ഈയിടെ മുൻപ് ഒരിക്കലും ഇല്ലാത്ത വിധം രമേശൻ മരണത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
ദു:സ്വപ്നങ്ങൾ നിറഞ്ഞതാണ് അയാളുടെ രാവുകൾ.
"ഞാൻ മരണത്തിന്റെ കാലൊച്ചകൾ കേൾക്കുന്നു സെഞ്ഞ്യാർ”.
എന്ന് രമേശൻ തന്റെ മേലധികാരിയോട് പറയുന്നുണ്ട്.
 ഗർഭപാത്രത്തിൽ നിന്ന് തുടങ്ങി ചിതയിലേക്കുള്ള നടത്തം മാത്രമാണ് മനുഷ്യജന്മം എന്ന് അയാൾ തിരിച്ചറിയുന്നു.
അതായിരിക്കും ഹരിദ്വാർ അയാളെ വല്ലാതെ ഭ്രമിപ്പിക്കുന്നതും.
 ജയ്സാൽമീറിലെ മരുഭൂമിയും ഖജുരാഹോവിലെ ചുമർശില്പങ്ങളും അജന്ത എല്ലോറ ഗുഹകളും താണ്ടിയ രമേശന്റെ ഹൃദയത്തെ മിടിപ്പിക്കുന്നത് പക്ഷേ ഹരിദ്വാറിന്റെ ചിന്തകൾ മാത്രമാണ്. ഹരിദ്വാറിലെ മണിയൊച്ചകൾ അയാളുടെ കാതുകളിൽ നിരന്തരം മുഴങ്ങുന്നു. 
 മോക്ഷ കവാടമായ ഹരിദ്വാർ രമേശ്‌ പണിക്കർക്ക് ഇഹലോകത്തെയും പരലോകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അദൃശ്യമായ ഒരു തൂക്കുപാലമാണ്.
ചെങ്കോട്ടയ്ക്കും ജുമാമസ്ജിദിനും വിട നൽകിക്കൊണ്ട് രമേശനും പ്രണയിനി സുജാമെഹറയും മസൂരി എക്സ്പ്രസിൽ ഹരിദ്വാറിലേക്ക് യാത്ര തിരിക്കുന്നു.അവിടെ അവരെ വരവേൽക്കുന്നത് വൃത്തികെട്ട ഒരു ചെറിയ തീവണ്ടിയാപ്പീസും പ്ലാറ്റ്ഫോമിലെ ചുവരുകളെ അലങ്കരിക്കുന്ന സിനിമാതാരങ്ങളുടെ ചിത്രങ്ങളും ആണ്. ദൈവത്തിന്റെ ഒരു ചിത്രം പോലും അവിടെയില്ലല്ലോ എന്ന് വ്യാകുലപ്പെടുന്ന രമേശനോട് 
“ദൈവങ്ങളെക്കാൾ നമുക്ക് ആവശ്യം സിനിമ താരങ്ങളെയാണ്. അവർ നമ്മെ രസിപ്പിക്കുന്നു. ദൈവങ്ങൾ നമ്മെ പേടിപ്പിക്കുകയല്ലേ ചെയ്യുന്നത്.”
എന്ന് സുജ പറയുന്നുണ്ട്.
കുഷ്ഠം പിടിച്ചത് പോലുള്ള നിരത്ത്. പ്രേതങ്ങളെ പോലെ പിന്തുടരുന്ന ദല്ലാളന്മാർ.നാലു വശത്തുനിന്നും മോങ്ങുന്ന റിക്ഷാവാലകൾ. വ്രണങ്ങൾ നിറഞ്ഞ ഗലി.താൻ മനസ്സിൽ കണ്ട ഹരിദ്വാറിന്റെ ബാഹ്യരൂപം യാഥാർത്ഥ്യത്തിൽ നിന്ന് ഒരുപാട് അകലെയാണെന്ന് അയാൾക്ക് തോന്നിപ്പോകുന്നു.
 ഹരിദ്വാറിന്റെ മണ്ണിൽ രമേശനെ കാത്തിരിക്കുന്ന നിയോഗം എന്തായിരിക്കും?
സുജ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ പാതിരാത്രി ഹരിദ്വാറിലെ ഗലികളിലൂടെ ദക്ഷപ്രജാപതിയെയും ദത്താത്രേയനെയും തേടി അലയുന്ന രമേശന്റെ മുമ്പിൽ പക്ഷേ വന്നെത്തുന്നത് ചോരച്ച നാക്കും കയ്യിൽ ഉയർത്തിപ്പിടിച്ച ത്രിശൂലവും കഴുത്തിൽ തലയോട്ടി മാലയും അണിഞ്ഞ സത്വമാണ്!!! ഇന്ദ്രിയങ്ങളിൽ ആളിക്കത്തുന്ന ചരസ്സിന്റെയും ഭംഗിന്റെയും ഉന്മാദവും പേറി ഭൂതത്തിൽ നിന്ന് ഭാവിയിലേക്കും ജന്മത്തിൽ നിന്ന് ചരമത്തിലേക്കുമുള്ള ദൂരം അയാൾ താണ്ടുന്നു.സുജയുടെ നിർബന്ധത്തിൽ മൂന്ന് ദിവസത്തെ യാത്ര അവസാനിപ്പിച്ച് തിരിച്ചു ഡൽഹിയിൽ എത്തിയിട്ടും, അന്ന് സന്ധ്യക്കുള്ള പാസഞ്ചർ ട്രെയിനിൽ തന്നെ തിരിച്ച് ഹരിദ്വാറിലേക്ക് യാത്ര തിരിക്കുന്ന രമേശനെയാണ് നാം പിന്നീട് കാണുന്നത്. ബ്രഹ്മകുണ്ഡത്തിലെ ദീപശിഖകളിൽ നിന്നും മണിനാദത്തിൽ നിന്നും തനിക്ക് ഒരിക്കലും മോചനം ഇല്ലെന്ന് അയാൾ മനസ്സിലാക്കുന്നിടത്താണ് നോവൽ അവസാനിക്കുന്നത്. 




ഗുസാരിഷ്

മിടിക്കുന്ന ഹൃദയവും ശ്വാസോച്ഛ്വാസവുമുണ്ടായിട്ടും മൃതതുല്ല്യരായി ജീവിക്കേണ്ടിവരുന്ന മനുഷ്യക്കോലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?
മനസ്സിന്റെ വേഗത്തിനൊത്ത് ശരീരം ചലിക്കാതെയായപ്പോൾ ആ ശരീരത്തെ ഒരു വീൽചെയറിൽ തളച്ചിടേണ്ടി വന്നവർ. ഒന്ന് ശ്വസിക്കാൻ പോലും ശരീരത്തിൽ ഘടിപ്പിച്ച മെഷീനുകളുടെ സഹായം തേടേണ്ടി വരുന്നവർ. ലോകം ഒരു പടക്കളമായി രൂപാന്തരം പ്രാപിച്ചപ്പോൾ അവിടെ നിരായുധരായി നിൽക്കേണ്ടി വന്നവർ.

'ഗുസാരിഷ് ' എന്ന സഞ്ജയ് ലീല ബൻസാലിചിത്രം അങ്ങനെയൊരു മനുഷ്യന്റെ കഥയാണ്.
ഏദൻ മസ്കരേനസ് എന്ന പ്രസിദ്ധ മജീഷ്യൻ ഒരപകടത്തിൽപ്പെട്ട് ശരീരം തളർന്ന് കിടപ്പിലാവുന്നു.
'Quadriplegia’ എന്ന് മെഡിക്കൽ സയൻസ് വിശേഷിപ്പിച്ച ഈ അവസ്ഥയിൽ അദ്ദേഹം കഴിഞ്ഞ 14 വർഷമായി നരകതുല്യമായ ജീവിതം നയിക്കുന്നു. കൂടെ നിഴലായും തണലായും സോഫിയ എന്ന നേഴ്സുമുണ്ട്. തന്റെ ആക്സിഡന്റിന്റെ പതിനാലാം വാർഷികത്തിൽ ഏദൻ സുഹൃത്തും അഭിഭാഷികയുമായ ദേവയാനിദത്തയോട് കോടതിയിൽ
ഒരു പെറ്റീഷൻ സമർപ്പിക്കാൻ പറയുന്നു.
തന്റെ തന്നെ മരണത്തിനു വേണ്ടിയുള്ള പെറ്റീഷൻ…!
Euthanesia or മേഴ്‌സി കില്ലിംഗ് അഥവാ ദയാവധം നിയമവിരുദ്ധമായിട്ടുള്ള ഇന്ത്യയിൽ അതിനായുള്ള ഏദന്റെ പോരാട്ടം ആണ് 2010 ൽ റിലീസ് ആയ ഗുസാരിഷിന്റെ പ്രമേയം.
 മരണത്തെ ആശ്ലേഷിക്കാൻ കാത്തിരിക്കുന്ന ഏഥന് സോഫിയയുടെ പ്രണയം ഒരുമരീചികയാണ്.
തന്റെ ജീവിതത്തിലെ 12 വർഷങ്ങൾ ഏഥന് വേണ്ടി സമർപ്പിച്ച സോഫിയ.
 അവളുടെ വിശുദ്ധ പ്രണയവും നുകർന്നു കൊണ്ടാണ് ഏദൻ ഈ ലോകത്തുനിന്ന് യാത്രയാവുന്നത്. 


 ഒരു മനുഷ്യന്റെ ജീവൻ അയാളുടെ അനുവാദമില്ലാതെ നിലനിർത്തുന്നത് അയാളെ കൊല്ലുന്നതിന് സമമാണ്..!
 ഗുസാരിഷ് നമ്മളോട് പറയുന്നതും ഇതുതന്നെയാണ്.

താരാധിപത്യം, നെപ്പോട്ടിസം എന്നിവ കൊടികുത്തി വാഴുന്ന ബോളിവുഡിന്റെ ലോകത്ത് SLB എന്ന് വിളിപ്പേരുള്ള സഞ്ചയ് ലീല ബൻസാലി എന്നും ഒറ്റയാനായിരുന്നു.
100 ക്രോർ ക്ലബ് മാത്രം ലക്ഷ്യം വെച്ച് സിനിമ നിർമ്മിക്കുന്ന കരൺ ജോഹർ, രോഹിത് ഷെട്ടി, ആദിത്യ ചോപ്ര എന്നിവർക്കിടയിൽ 
എന്ന് നെഞ്ചുവിരിച്ചു പറഞ്ഞ ഫിലിം മേക്കർ അതാണ് ബൻസാലി.
 നാഷണൽ ഫിലിം അവാർഡ്,ഇലവൻ ഫിലിം അവാർഡ്സ്, BAFTA നോമിനേഷൻ എന്നിവ നേടിയ പത്മശ്രീ സഞ്ജയ് ലീല ബൻസാലിയെ സിനിമാലോകം വിശേഷിപ്പിച്ചത് “The Great Craft Man” എന്നാണ്.
ഒരു സിനിമയുടെ മേക്കിങ്ങിൽ ഏറ്റവും ക്രിയേറ്റീവ് ആയിട്ടുള്ള ഘടകം അതിന്റെ തിരക്കഥയാണ്.
ബാക്കിയെല്ലാം ആ തിരക്കഥയുടെ ഗർഭപാത്രത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. ബൻസാലിയും ഭവാനി അയ്യറും കൂടി തയ്യാറാക്കിയ തിരക്കഥ തന്നെയാണ് ഗുസാരിഷിന്റെ മർമ്മം.
ധൂം ത്രി, ചക് ദെ ഇന്ത്യ,ബൻസാലിയുടെ തന്നെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ പത്മാവത്, ബാജിറാവോ മസ്താനി എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച സുദീപ് ചാറ്റർജിയാണ് ഗുസാരിഷിന്റെ ഛായാഗ്രഹകനും.
 ബൻസാലി ചിത്രങ്ങളുടെ പ്രത്യേകത അവയിലെ ഫ്രെയിമുകളാണ്. ഓരോ ഫ്രെയിമും ഏതോ കാല്പനിക കലാകാരന്റെ ലേഖനയിൽ പിറന്ന പെയിന്റിങ്ങുകൾ പോലെ മനോഹരമാണ്. ആത്മാവിലേക്ക് പെയ്തിറങ്ങുന്ന അനേകം മാജിക്കൽ ഫ്രെയിമുകളുടെ ഒരു വലിയ നിര തന്നെ സുദീപ് ചാറ്റര്‍ജിയുടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്.പഴമയുടെ പ്രതാപം വിളിച്ചോതുന്ന പൊട്ടിപ്പൊളിഞ്ഞ ഏദന്റെ ബംഗ്ലാവും ഗോവയിലെ ഇലപ്പച്ചുകളുടെ നിറവും തണുത്ത കാറ്റിന്റെ സ്പർശവും മഴയുടെ ഗന്ധവും നിറഞ്ഞ ഗുസാരിഷ് നമുക്ക് മുൻപിൽ ഒരു ആർട്ട് ഗ്യാലറി തന്നെ സൃഷ്ടിക്കുന്നു.ബൻസാലി തന്നെയാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകിയതും. അദ്ദേഹത്തിന്റെ മാജിക്കൽ ടച്ച് ഓരോ ഗാനങ്ങളിലുമുണ്ട്.
 ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഹേമൽ കോത്തരിയാണ്.കഥ എന്തുതന്നെയായാലും അതിൽ മധ്യചഷകവും ഒന്ന് രണ്ട് ഐറ്റം ഡാൻസും ആവേശം തുളുമ്പുന്ന സ്ത്രീപുരുഷ ആലിംഗനങ്ങളും പ്രതീക്ഷിക്കുന്ന ശ്രോതാക്കൾക്കിടയിൽ ഗുസാരിഷ് ഒരു ബോക്സ് ഓഫീസ് ഫെയിലിയർ ആയതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.അതങ്ങനെയേ വരൂ..!

കർണൻ

വർഷങ്ങൾക്കപ്പുറം... ഞാൻ അന്ന് അഞ്ചാം ക്ലാസിൽ പഠിക്കുവാണ്.സ്കൂളിനടുത്ത് ഒരു പബ്ലിക്ക് ലൈബ്രറിയുണ്ട് . വൈകുന്നേരം സ്കൂൾ വിട്ടാൽ ഞാനും എന്റെ പുസ്തകപ്പുഴുക്കളായ കുറച്ച് കൂട്ടുകാരും ഒറ്റ ഓട്ടമാണ് ലൈബ്രറിയിലേക്ക്. അവിടെ പൊടി പിടിച്ചു കിടക്കുന്ന ഷെൽഫുകളിൽ നിന്ന് പുസ്തകങ്ങൾ തിരഞ്ഞു പിടിച്ചു വായിക്കാൻ ആർത്തിയായിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരിക്കൽ ശിവാജി  സാവന്തിന്റെ 'കർണൻ ' എന്ന പുസ്തകത്തിൽ എന്റെ കണ്ണുകളുടക്കുന്നത്. കുട്ടിക്കാലത്ത് അമ്മ മഹാഭാരത കഥ പറഞ്ഞു തന്നപ്പോഴും പിന്നെ ദൂരദർശനിൽ ബി. ആർ. ചോപ്രയുടെ മഹാഭാരതം സീരിയൽ കണ്ടപ്പോഴുമൊക്കെ തോന്നിയതാണ് കർണനോട് ഒരു പ്രത്യേക ഇഷ്ടം. പിന്നൊന്നും നോക്കിയില്ല, ആ പുസ്തകവും  കയ്യിലെടുത്ത് രജിസ്റ്ററിൽ ഒപ്പുവെച്ചു . വീട്ടിലെത്തിയപാടേ  ആകാംഷയോടെ ഞാൻ വായനയാരംഭിച്ചു.
അക്ഷരങ്ങൾ ആത്മാവിലേക്ക് ആദ്യമായി ആഴ്ന്നിറങ്ങിയത് അന്നാണ്.

കർണൻ തന്റെ ജീവിതകഥ പറഞ്ഞു തുടങ്ങി. വരികളിലൂടെ ഞാനും അവനൊപ്പം സഞ്ചരിക്കാൻ തുടങ്ങി.ചോരക്കുഞ്ഞായ അവനെ കുന്തി ഗംഗയിൽ ഒഴുക്കിവിട്ടപ്പോൾ ഒന്നുമറിയാതെ അവന്റെ നിഷ്കളങ്കമായ ആ ചിരി.വിശന്നാൽ കരയാനല്ലാതെ മറ്റൊന്നും അറിയാത്ത ഒരു പിഞ്ചുകുഞ്ഞ് ഗർജിക്കുന്ന നദിയിൽ...!
ഹൃദയം വല്ലാതെ മിടിക്കുന്നത് ഞാനറിഞ്ഞു. ഗംഗ  അവനെ  മാറോടടുക്കിപിടിച്ച് ഹസ്തിനപുരിയുടെ മണ്ണിലെത്തിച്ചു.അവിടെ അവൻ  തേരാളിയായ അഥിരന്റെയും രാധയുടെയും വളർത്തു പുത്രനായി.
കൗമാരത്തിലെത്തിയ കർണനെ അഥിരൻ ആയുധപരിശീലനത്തിനായി ദ്രോണരുടെ അടുക്കൽ കൊണ്ടുപോവുന്നു.

"യുവരാജാക്കന്മാരുടെ കൂടെ അസ്ത്രവിദ്യ അഭ്യസിക്കാൻ ഇവന് എന്തു
യോഗ്യതയാണുള്ളത് ?"

ദ്രോണരുടെ ചോദ്യത്തിനർഥം മനസ്സിലാവാതെ കർണൻ പിതാവിനെ നോക്കി.

"അച്ഛാ... എനിക്കെന്താ രാജകുമാരന്മാരുടെ കൂടെ വിദ്യ അഭ്യസിക്കാൻ പറ്റാത്തത് ?"

"നീ ഒരു സൂതപുത്രനായതുകൊണ്ടാണ്  മകനേ...."

ആ അച്ഛൻ വിങ്ങിപ്പൊട്ടി .കർണ്ണന്റെ ശിരസ്സ് പതിയെ താണു. എന്റെ കണ്ണുകളിൽ നനവ് പടർന്നു... ചുണ്ടിൽ ഉപ്പുരസം.....

" അല്ല കർണാ.... നീ സൂതപുത്രനല്ല, സൂര്യപുത്രനാണ്. ദൂരെ ചക്രവാളത്തിൽ ജ്വലിച്ച് നിൽക്കുന്ന സൂര്വദേവന്റെ അംശമാണ് നീ..."

തലകുനിച്ചു നിൽക്കുന്ന ആ കൗമാരക്കാരനോട് ആ സത്വം വിളിച്ചു പറയാൻ എന്റെ ഹൃദയം വെമ്പി.

ഗുരുകുല വിദ്യാഭ്യാസത്തിനു ശേഷം വസന്ത പൗർണ്ണമിയിൽ ഹസ്തിനപുരിയിലെ ആയിരക്കണക്കിന് ജനങ്ങൾക്കും രാജസഭയ്ക്കും മുൻപിൽ പിന്നെയും അവന്റെ ശിരസ്സ് താഴ്ന്നു.അർജുനനേക്കാൾ ആയിരം മടങ്ങ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ആൾക്കൂട്ടം കുലമഹിമയെ ചൊല്ലിയുള്ള ചോദ്യശരങ്ങളാൽ അവനെ
മുറിവേൽപ്പിച്ചു .

 "തേരാളിയുടെ മകനായ ഇവൻ വീരന്മാരുടെ കളരിയിലെന്തിനു വന്നു ? കുലത്തിന് യോജിച്ച ചാട്ടയെടുക്കാൻ പറയൂ...
പോ കർണാ... പോയി കുതിരാലയത്തിലെ ചാണകം കോര്...."അവർ ആക്രോശിച്ചു.

ഹൃദയത്തിലേക്ക് ആയിരം കുപ്പിച്ചില്ലുകൾ ഒരുമിച്ചു കുത്തിയിറക്കിയതുപോലെ എനിക്ക് വേദനിച്ചു. ഹസ്തിനപ്പുരിയിലെ കളരിയിൽ ഹൃദയം മുറിഞ്ഞ് നിൽക്കുന്ന അവനെ വാരിപ്പുണരാൻ എന്റെ കൈകൾ വെമ്പൽ കൊണ്ടു.

“നീ തേരാളിയുടെ മകനല്ല പ്രിയനേ...കുന്തീ ദേവിയുടെ മൂത്ത പുത്രനാണ് നീ. ഈ നിൽക്കുന്ന പാണ്ഡവരുടെ ജ്യേഷ്ഠൻ."

യുഗങ്ങൾക്കപ്പുറം സഞ്ചരിച്ച് അവന്റെ ജന്മരഹസ്യം ആ കാതിൽ മന്ത്രിക്കാൻ എനിക്ക് ഒരു അവസരം നൽകുമോ പ്രപഞ്ചമേ...!

കാലം പിന്നീട് അവനെ പ്രഹരിക്കുന്നത് ദ്രൗപതിയുടെ സ്വയംവര വേദിയിലാണ്. ഭാരിച്ച ശൈവചാപം ഒറ്റക്കൈ കൊണ്ട് നിഷ്പ്രയാസം പൊക്കി മത്സ്വഭേദനം ചെയ്യാനൊരുങ്ങിയ കർണ്ണനെ ദ്രുപദപുത്രി തടഞ്ഞു.

"നിൽക്കൂ ...നിങ്ങൾക്ക് ഈ സ്വയംവരത്തിൽ പങ്കെടുക്കാൻ അർഹതയില്ല."
അവളുടെ ശബ്ദം വേദിയിൽ മുഴങ്ങി.

"എന്തുകൊണ്ട് കഴിയില്ല" കർണൻ ആശ്ചര്യത്തോടെ ചോദിച്ചു.

"താങ്കൾ ഒരു സൂതപുത്രനാണ്. ഒരു തേരാളിയുടെ ഭാര്യയോ, മരുമകളോ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. "

അവന്റെ കുണ്ഡലങ്ങളുടെ തേജസ്സ് ഒരു നിമിഷം അറ്റുപോയി. അവളുടെ വാക്കുകൾ കൊടുങ്കാറ്റ് കണക്കെ കർണ്ണന്റെ ഹൃദയത്തെ പ്രക്ഷുബ്ധമാക്കി. ദ്രൗപതിയോട് എനിക്ക് അടങ്ങാത്ത ദേഷ്യം തോന്നി. സത്വത്തിൽ നീയാണ് ദ്രുപദപുത്രി, എന്റെ കർണനെ അർഹിക്കാത്തത്. ഏഴ് ജന്മം എടുത്താലും ആ സൂര്യതേജസ്സിലലിയുവാനുള്ള ഭാഗ്യം നിനക്കുണ്ടാവില്ല ...!

കാലം ചിറകു വിടർത്തി പറന്നു. ഒടുവിൽ കുരുക്ഷേത്രഭൂമിയിൽ അവന്റെ മരണ സമയം. അർജുനന്റെ വില്ലിൽ നിന്നും വന്ന ആഞ്ചലികബാണം കർണ്ണന്റെ കണ്ഠ നാളത്തിൽ തുളച്ചുകയറി.
എന്റെ പ്രാണൻ പിടഞ്ഞു...പുസ്തകം പിടിച്ച കൈകൾ വിറയ്ക്കാൻ തുടങ്ങി.. നിരായുധനായ, രഥത്തിന് താഴെ നിൽക്കുന്ന കർണ്ണന് നേരെ അസ്ത്രം പ്രയോഗിച്ച അർജുനനോട് എനിക്ക് പുച്ഛമാണ്.

"ധർമ്മത്തിന്റെ കാവൽക്കാരനായ അർജുനാ..... കർണനെ വധിക്കുമ്പോൾ നിന്റെ യുദ്ധധർമ്മം ഏത്  മാളത്തിലാണ് പോയോളിച്ചത് ???"

വായന അവസാനിപ്പിച്ച് പുസ്തകം മടക്കി വയ്ക്കുമ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു.

വരികൾക്കിടയിലെവിടെയോ വെച്ച് ഞാൻ കർണ്ണനെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു..!